മലയാളി പെണ്ണിന് അമേരിക്കൻ പയ്യൻ : പാലക്കാടൻ കല്യാണ ചടങ്ങിൽ വരന്റെ കുടുംബത്തിന് വേറിട്ട അനുഭവം

 

മുണ്ടൂർ : ഒരു അമേരിക്കൻ പ്രണയകഥയിൽ മുണ്ടൂർ തേവരോടം ശിവക്ഷേത്ര സന്നിധിയിൽ താലികെട്ട്.അമേരിക്കയിൽ ഡോക്ടറായ ഡോ.നിക്കും ഡോ.ശ്രുതിയും മലയാളത്തനിമയിൽ വിവാഹിതരായി. ടോം ഡെസ്‌ലോറിയേഴ്സിന്റെയും ചെറിലിന്റെയും മകനാണ് ഡോ.നിക്ക്. വധു ഡോ. ശ്രുതി ഡോ.മുരളീധരന്റെയും ഡോ.അനിതയുടെയും മകളാണ്. ഇവർ കുടുംബസമേതം അമേരിക്കയിലാണ്. മുണ്ടൂർ അനുപുരത്ത് പിഷാരം തറവാട് അംഗമായ ശ്രുതിയുടെ കുടുംബ ക്ഷേത്രം പോലെയാണ് തേവരോടം എന്നറിയപ്പെടുന്ന ധർമീശ്വരം ശിവക്ഷേത്രം. മുണ്ടൂരിന്റെ കഥാകാരൻ പരേതനായ മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ സഹോദര പൗത്രിയാണ് ഡോ. ശ്രുതി. അനുപുരത്ത് തറവാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തേവരോടത്തെ കുറിച്ചു മുത്തച്ഛൻ ജനാർദന പിഷാരടിയിൽ നിന്ന് ഏറെ കേട്ടിട്ടുണ്ട്. ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് ആ ഓർമകൾ. വിദേശത്തെങ്കിലും നാടിനോടുള്ള അടുപ്പത്തിനു മങ്ങലേറ്റിട്ടില്ല. വിവാഹം ഇവിടെ നടത്തണം എന്ന ശ്രുതിയുടെ മോഹമാണ്. അതിനു പിന്തുണ നൽകി ഡോ.നിക്കും കൂടെ നിന്നപ്പോൾ സ്വപ്നം യാഥാർഥ്യമായി. ആചാര നിറവിൽ നടന്ന വിവാഹ ചടങ്ങുകൾക്കു ഗ്രാമീണ സൗന്ദര്യത്തിന്റെ മേലാപ്പു കൂടിയായപ്പോൾ പ്രണയസാഫല്യത്തിന് ഇരട്ടി മധുരം. പാട്ടുത്സവവും തിരുവാതിരക്കളിയും ഹൽദിയും നൃത്തവുമായി വിവാഹ പരിപാടികൾ കെങ്കേമമായി. അമേരിക്കയിൽ നിന്നെത്തിയ വരന്റെ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും ഇതു വേറിട്ട അനുഭവവുമായി.


Post a Comment

أحدث أقدم