മണ്ണാര്‍ക്കാട്: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന മണ്ണാര്‍ക്കാട് മേഖലയിലെ വനാതിര്‍ത്തികളില്‍ വന്യജീവി പ്രതിരോധത്തിനുള്ള പദ്ധതികളെ കുറിച്ച് വനംവകുപ്പ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു.മണ്ണാര്‍ക്കാട്, സൈലന്റ്‌വാലി വനം ഡിവിഷനുകള്‍ 163.79 കോടി രൂപയുടെ നിര്‍ദേശങ്ങളാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കിയത്.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പാണക്കാടന്‍ നിക്ഷിപ്ത വനത്തിലേക്ക് സൈലന്റ് വാലി മലനിരകളില്‍ നിന്നുള്ള കാട്ടാനകളുടെ സഞ്ചാരത്തിന് വന്യജീവി മേല്‍പ്പാലം നിര്‍മിക്കണമെന്നത് മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.മുപ്പതേക്കര്‍ ഭാഗത്ത് റോഡിന് കുറുകെ 10 മീറ്റര്‍ വീതിയിലും 20 മീറ്ററോളം നീളത്തിലും മേല്‍പ്പാലമൊരുക്കണമെന്നാണ് ശിപാര്‍ശ. ഇതിന് മൂന്ന് കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്.പാണക്കാടന്‍ നിക്ഷിപ്ത വനത്തിന് ചുറ്റിലും കുരുത്തിച്ചാല്‍ മുതല്‍ ആനമൂളി വരെയും റെയില്‍വേലി നിര്‍മാണം, ആനമൂളി മുതല്‍ വേലിക്കാട് വരെ നിര്‍മിക്കാന്‍ പോകുന്ന സൗരോർജ തൂക്കുവേലിയുടെ പരിപാലനം, നിര്‍മിതബുദ്ധി, ഡ്രോണ്‍ നിരീക്ഷണ സംവിധാനം, ദ്രുതപ്രതികരണ സേനയുടെ ശാക്തീകരണം തുടങ്ങിയവ മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ നല്‍കിയ പ്രൊപ്പോസലില്‍ ഉണ്ടെന്ന് അറിയുന്നു.പദ്ധതികള്‍ക്കായി 68 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സൈലന്റ് വാലി വനാതിര്‍ത്തികളില്‍ വന്യജീവി സാന്നിധ്യം മുന്‍കൂട്ടി അറിയാന്‍ 18 നിര്‍മിതബുദ്ധി കാമറകള്‍ സ്ഥാപിക്കണമെന്ന് സൈലന്റ് വാലി വനം ഡിവിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.43 കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജ തൂക്കുവേലി, റെയില്‍വേലി, വനത്തിനുള്ളില്‍ മൂന്ന് ചെക്ഡാം, 15 ഹെക്ടറില്‍ സ്ട്രിപ് പ്ലാന്റിങ്, 30 കിലോമീറ്റര്‍ ദൂരത്തില്‍ ജൈവവേലി നിര്‍മാണം, തീപിടിത്തം അണയ്ക്കാന്‍ രണ്ട് വാഹനങ്ങള്‍, ദ്രുതപ്രതികരണ സേനക്ക് നാല് വാഹനങ്ങള്‍, മൂന്ന് സംരക്ഷണ ക്യാമ്ബ് ഷെഡ്ഡുകള്‍ എന്നിവ ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം നടപ്പാക്കുന്നതിന് 95.79 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറും.വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കാവശ്യമായ തുക ദേശീയപാത അതോറിറ്റി അനുവദിക്കും. കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്നില്‍ 650 മീറ്ററോളം നിക്ഷിപ്ത വനഭൂമിയും ഏറ്റെടുക്കുന്നുണ്ട്.പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്കുള്ള ഹൈവേ കടന്നുപോകുന്നത് കല്ലടിക്കോട്, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, അലനല്ലൂര്‍ വഴിയാണ്.
إرسال تعليق