വഴി തർക്കത്തെ തുടർന്ന് മർദ്ദിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും


 മണ്ണാര്‍ക്കാട്:വഴിതര്‍ക്കത്തെ തുടര്‍ന്ന് പട്ടികജാതിയില്‍പ്പെട്ട ആളെ വടിയുപയോഗിച്ച് മര്‍ദിച്ചുപരിക്കേല്‍പ്പിച്ച കേസിലെ  പ്രതിയ്ക്ക് ആറു വര്‍ഷം കഠിനതടവും 60,000 പിഴയും കോടതി  വിധിച്ചു. മീനാക്ഷിപുരം വിളയോടി നല്ലമാടന്‍ചള്ള സ്വദേശി മണികണ്ഠ (48)നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. 2020 സെപ്റ്റര്‍ 14നാണ് കേസിനാസ്പദമായ സംഭവം. വഴിതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്താല്‍ വിളയോടി നല്ലമാടന്‍ചള്ള ചാമുവിന്റെ മകന്‍ മണികണ്ഠനെ മര്‍ദിച്ചെന്നാണ് കേസ്. അടിയേറ്റ് ഇയാളുടെ കൈയിന്റെ എല്ലിന് പൊട്ടലേറ്റിരുന്നു. തടയാന്‍ചെന്ന വീട്ടുകാരേയും മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു.



 ഇന്ത്യന്‍ശിക്ഷാനിയമം വകുപ്പ് 326 പ്രകാരം അഞ്ചുവര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം ഒരു വര്‍ഷത്തെ അധികകഠിനതടവും , വകുപ്പ് 324 പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം മൂന്ന് മാസത്തെ അധിക കഠിനതടവിനുമാണ് കോടതി ശിക്ഷിച്ചത്. പിഴ തുകയില്‍ നിന്ന് 50,000 രൂപ മര്‍ദനമേറ്റവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവായി. മീനാക്ഷിപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാലക്കാട് ഡിവൈ.എസ.്പി.മാരായിരുന്ന ആര്‍.മനോജ്കുമാര്‍, പി.ശശികുമാര്‍ എന്നിവരാണ് അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ. എം.പ്രഭ അന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജയന്‍ ഹാജരായി.


Post a Comment

أحدث أقدم