ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതകശ്രമത്തിന് കോടതി ശിക്ഷിച്ച ഫസീല കവര്‍ച്ചാക്കേസില്‍ കൊച്ചിയില്‍ പിടിയിലായി. തൃപ്പൂണിത്തുറയില്‍ ചിട്ടിക്കമ്പനി ഉടമയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ചും മര്‍ദിച്ചും അവശനാക്കിയ ശേഷമായിരുന്നു കവര്‍ച്ച. സി.സി.ടി.വി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. തൃപ്പൂണിത്തുറയിലെ പ്രീമിയര്‍ ചിട്ടി ഫണ്ട്സ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ബുധന്‍ രാവിലെ കവര്‍ച്ച നടത്തിയ കേസിലാണ് ഫസീല പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് പിടിയിലായത്. രാവിലെ ഒന്‍പതരയ്ക്ക് സ്ഥാപനം തുറന്നയുടന്‍ പര്‍ദയും മുഖാവരണവുമിട്ടെത്തിയ ഫസീല ഉടമ കെ.എന്‍.സുകുമാരമേനോന്റെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു. തുടര്‍ന്ന് കസേരകൊണ്ട് മര്‍ദിച്ചു. മേശവലിപ്പിലുണ്ടായിരുന്ന പതിനായിരം രൂപയും, ഉടമയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നേകാല്‍ പവന്‍ സ്വര്‍ണമാലയും കവര്‍ന്നു. കവര്‍ച്ചയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ റയില്‍വേ സ്റ്റേഷനിലെത്തിയ ഫസീല അവിടെനിന്ന് ഓട്ടോയില്‍ കരിങ്ങാച്ചിറയിലിറങ്ങി.
പിന്നാലെ പര്‍ദ ഊരിമാറ്റുന്നത് ഓട്ടോക്കാരന്‍ കണ്ടിരുന്നു. കവര്‍ച്ചക്കേസ് അന്വേഷിച്ചെത്തിയ ഹില്‍പാലസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ഇടവഴിയിലൂടെ ഫസീല തോടിനരികിലേക്ക് പോകുന്നതും, പാതിനനഞ്ഞനിലയില്‍ തിരികെ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ആക്രമണത്തിനിരയായ ചിട്ടിക്കമ്പനി ഉടമയെ കാണിച്ചതോടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഫസീലയാണ് ദൃശ്യങ്ങളിലുള്ളതെന്ന് ഇയാള്‍ തിരിച്ചറിഞ്ഞു. ഇവര്‍ക്ക് ഇതേ സ്ഥാപനത്തില്‍ ചിട്ടിയുമുണ്ടായിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം ഫോണില്‍ വിളിച്ചപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലെന്നായിരുന്നു മറുപടി. എന്നാല്‍ ഫോണ്‍ ലൊക്കേഷന്‍ മണ്ണാര്‍ക്കാടാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് അവിടെയെത്തി ഫസീലയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ ഫസീല തോട്ടിലുപേക്ഷിച്ച പര്‍ദ കണ്ടെടുത്തു. സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയില്‍ വിറ്റുവെന്നും കണ്ടെത്തി. കൂടത്തായി മോഡലില്‍ ഘട്ടംഘട്ടമായി വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫസീല ശിക്ഷിക്കപ്പെട്ടിരുന്നു.
إرسال تعليق