പാലക്കാട്: 'ഓൾ വീ ഇമേജിൻ അസ് ലൈറ്റ്' കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കൃതമായതോടെ ലോകത്തിനുമുന്നിൽ സിനിമയിലൂടെ ഉയർത്തിപ്പിടിച്ചത് ജനാധിപത്യ ഇന്ത്യയുടെ മുഖമാണെന്ന് ജി.പി.രാമചന്ദ്രൻ പറഞ്ഞു. രാജ്യം പലതരത്തിൽ ലോകത്തിനുമുന്നിൽ അപഹാസ്യപ്പെടുമ്പോഴും, ഇന്ത്യൻ സിനിമ അതിനുള്ള മറുപടിയായി തിളങ്ങുന്നു എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച പുരസ്‌കൃതമായ ചലച്ചിത്രത്തിലെ പിന്നണി പ്രവർത്തകർക്കുള്ള അനുമോദനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പാലക്കാട്ടുകാരായ റോബിൻ റോയ് (അസോസിയേറ്റ് ഡയറക്ടർ),പ്രണവ് രാജ് (എക്സിക്യുട്ടിവ് പ്രൊഡ്യൂസർ),നജീം ആസാദ് (സ്ക്രിപ്റ്റ് സൂപ്രവൈസർ),അഖിൽ ദേവ (കാസ്റ്റിംഗ് അസിസ്റ്റന്റ്),കുമാരി. ആർദ്ര (നടി),സുബ്രഹ്മണ്യൻ കെ.വി. (ഡബ്ബിംഗ് സൂപ്രവൈസർ) എന്നിവരെ ഫിലിം സൊസൈറ്റിക്കു വേണ്ടി സംവിധായകൻ കെ.എ.നന്ദജൻ അനുമോദിച്ചു.
ശേഷം അനുമോദനം ഏറ്റുവാങ്ങിയ പിന്നണി പ്രവർത്തകർ സിനിമയുടെ നിർമ്മാണ സമയത്തെ വിശേഷങ്ങൾ പങ്കുവെച്ചു.
തുടർന്ന് സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത സിനിമ പ്രദർശിപ്പിച്ചു.
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ,ഫിലിം സൊസൈറ്റി ചെയർമാൻ മുഹമ്മദ് സാദിഖ് സ്വാഗതവും,കൺവീനർ കെ.രജീഷ് നന്ദിയും പറഞ്ഞു.കെ.വിഷ്ണു പ്രാരംഭഗാനം ആലപിച്ചു.
വരുന്ന ആഴ്ച്ചകളിലും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സിനിമകൾ പ്രദർശിപ്പിക്കും. ലൈബ്രറിയിലെ ഹാളിൽ നടക്കുന്ന സ്ക്രീനിങ്ങിൽ പ്രവേശനം സൗജന്യമാണ്.
إرسال تعليق