പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനാലാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റിൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി മുപ്പത്തിയേഴു ഹ്രസ്വചിത്രങ്ങൾ മാറ്റുരയ്ക്കും.ഇത്തവണ ഓൺലൈൻ ആയി സെപ്തംബര് 21, 22 തിയ്യതികളിലാണ് മേള നടത്തുന്നത്.5 മിനിറ്റിൽ താഴെയുള്ള 'ഹാഫ്' വിഭാഗത്തിൽ 25 ചിത്രങ്ങളും ഒരു മിനിറ്റിൽ താഴെയുള്ള 'മൈന്യൂട്ട്' വിഭാഗത്തിൽ 12 ചിത്രങ്ങളുമാണ് യോഗ്യത നേടിയത്. ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന മൂന്നംഗ ജൂറി തിരഞ്ഞെടുക്കുന്ന ചിത്രത്തിന് 'അഞ്ചു മിനിറ്റ്' വിഭാഗത്തിൽ 'ഗോൾഡൻ സ്ക്രീൻ' അവാർഡും ഒരു മിനിറ്റ് വിഭാഗത്തില്‍ 'സിൽവർ സ്ക്രീൻ' അവാർഡും നല്കും. അൻപതിനായിരം രൂപയും,ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. അതേ വിഭാഗത്തിൽ അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും നൽകും. പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ' അവാർഡ്.
ഇന്ത്യക്കു പുറമെ മൊൾഡോവ , ഹോങ്കോങ്,കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മത്സര വിഭാഗത്തിലും ഇറാൻ, അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ ,പോളണ്ട്, ജർമ്മനി ചിലി, കൊളംബിയ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി , സ്പെയിൻ ,സെർബിയ,ഓസ്ട്രിയ,റഷ്യ, യു എസ് എ ,സിങ്കപ്പൂർ,ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങൾ മത്സരേതര വിഭാഗത്തിലും മേളയിൽ പ്രദർശിപ്പിക്കും. പതിവുപോലെ ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചലച്ചിത്ര പ്രവർത്തകരും കാണികളും തമ്മിൽ നടത്തുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ പ്രത്യേകതയാണ്.നിരവധി ചലച്ചിത്ര പ്രതിഭകൾ പങ്കെടുക്കുന്ന മേളയിലേയ്ക്കു മുൻകൂർ ആയി ഡെലിഗേറ്റ് രെജിസ്ട്രേഷൻ നടത്തുന്നവർക്ക് തത്സമയം ചലച്ചിത്രകാരന്മാരുമായി ആശയവിനിമയം നടത്തുവാൻ സൗകര്യം ഉണ്ടായിരിക്കും.കൂടാതെ ഇൻസൈറ്റിന്റെ വെബ്‌സൈറ്റ് വാളിൽ പൊതുജനങ്ങൾ ക്കു തത്സമയം സൗജന്യമായി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഫെസ്റ്റിവൽ ഡയറക്ടർ കെ. വി.വിൻസെന്റ് അറിയിച്ചു
إرسال تعليق