കോങ്ങാട് :ലോകത്തിന്റെ ശ്രദ്ധയിലേക്ക് കോങ്ങാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ.ഒരു ഗ്രാമപഞ്ചായത്തിൽ ഇത്രയധികം കലാകാരികളോ?കേരളത്തിന്റെ അതിബൃഹത്തായ സ്ത്രീ ശാക്തീകരണ സർഗാത്മക ചരിത്രത്തിൽ ഒരു പക്ഷേ ആദ്യ സംഭവമായിരിക്കും അറുനൂറോളം നർത്തകർ പങ്കെടുത്ത ദീർഘ നൃത്തോൽസവം.12 വയസ് മുതൽ 72 വരെ വ്യത്യസ്ത പ്രായത്തിലുള്ള 571 വനിതകളുടെ നിശ്ചയദാർഢ്യത്തിനും,നിതാന്ത പരിശ്രമത്തിനും കിട്ടിയ അംഗീകാരം.നാടിനെ ഇളക്കിമറിച്ച്,കോങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ നടത്തിയ നൃത്തോൽസവം കാണാൻ യാശോദ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തിയത് നൂറു കണക്കിന് സാധാരണ വീടുകളിലെ സ്ത്രീകൾ. പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നുള്ള വനിതകളുടെ ദീർഘനാളത്തെ പരിശ്രമവും സമർപ്പണവുമാണ് മാരത്തൺ നൃത്തോൽസവത്തെ ആവേശഭരിതമാക്കിയത്.ഊർജ്ജസ്വലമായ ഒരു സാംസ്കാരിക നൃത്ത മാരത്തൺ എന്ന നിലയിൽ പരിപാടി ശ്രദ്ധേയവും ജനകീയവുമായതായി വേൾഡ് റെക്കോർഡ് ടാലന്റ് റെക്കോർഡ് ബുക്ക് സാരഥികൾ പറഞ്ഞു.സ്വയംപര്യാപ്തതയുടെ ചരിത്രമെഴുതിയ ജില്ലയിൽ കുടുംബശ്രീക്ക് അഭിമാനിക്കാൻ വക നൽകുന്ന മികച്ച സംഘാടനമായി,നൂപുരം-2024 കലാ പ്രകടനം.
കോങ്ങാട് കുടുംബശ്രീയുടെ ഈ അത്യപൂർവ നേട്ടം ടാലന്റ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടുകയും, കുടുംബശ്രീ വനിതകൾക്ക് വേദിയിൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.നടി സനൂജ സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു.നൂപുരം സംഘാടക സമിതി ചെയർമാൻ ടി.അജിത്ത് അധ്യക്ഷനായി.ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ചന്ദ്രദാസൻ.കെ.കെ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജ്യോതി,കുടുംബശ്രീ ചെയർപേഴ്സൺ സരിത.ടി.ഡി,സി.കെ. രജനി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
إرسال تعليق