മണ്ണാർക്കാട് : തട്ടുകടയിലെ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ചാലിശ്ശേരി തണ്ണീർക്കോട് കുരുത്തോല വളപ്പിൽ ഹംസയെയാണ് (66) മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേകകോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്. പട്ടിത്തറ തൊഴുക്കര ചീരങ്കുഴിവീട്ടിൽ സനീഷിനാണ് (37) കുത്തേറ്റത്.2022 ഒക്ടോബർ 18-ന് രാത്രി 11.30-ന് തണ്ണീർക്കോട്ടുെവച്ചാണ് സംഭവം. ഹംസയുടെ തട്ടുകടയിൽ ഭക്ഷണംകഴിക്കാനെത്തിയതായിരുന്നു അയൽവാസികൂടിയായ സനീഷ്. ഇവിടെവെച്ചുണ്ടായ വാക്കുതർക്കത്തിനിടെ ഹംസ കത്തിയെടുത്ത് സനീഷിന്റെ വയറ്റിൽ കുത്തുകയായിരുന്നെന്നാണ് കേസ്.അന്നത്തെ ചാലിശ്ശേരി എസ്.ഐ. കെ.ജെ. പ്രവീൺ രജിസ്റ്റർചെയ്ത കേസിൽ ഷൊർണൂർ ഡിവൈ.എസ്.പി.യായിരുന്ന എസ്. സുരേഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജയൻ ഹാജരായി. സീനിയർ സിവിൽപോലീസ് ഓഫീസർ സുഭാഷിണി പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.
إرسال تعليق