ശ്രീകൃഷ്ണപുരം :പതിനേഴുകാരൻ ഗോകുൽ കൃഷ്ണയുടെ ജീവൻ രക്ഷിക്കാനായി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പെരിങ്ങോട്ടുകുറുശ്ശി ദയ ചാരിറ്റബിൾ ട്രസ്‌റ്റും സംയുക്തമായി നടത്തിയ സമാനതകളില്ലാത്ത ജനകീയ ജീവകാരുണ്യ വിപ്ലവത്തിലൂടെ ആകെ സമാഹരിച്ചത് ഒരു കോടി 28 ലക്ഷം രൂപ.ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ ഒരു നാട് മുഴുവൻ ഒരു മനസ്സോടെ നടത്തിയ ജീവൻ രക്ഷാ വിപ്ലവത്തിൽ ഇന്നലെ മാത്രം ബക്കറ്റിൽ നിറഞ്ഞത് 2518584 രൂപ.പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 13 വാർഡിലും മൂവായിരത്തോളം നിസ്വാർത്ഥരായ ജീവകാരുണ്യത്തിന്റെ കാവൽഭടന്മാർ ബക്കറ്റുമായി വ്യവസ്ഥാപിതമായി കടന്നു ചെന്ന കാരുണ്യത്തിന്റെ കർമ പദ്ധതി മാതൃകാപരവും ആശ്ചര്യം നിറഞ്ഞതും കുറ്റമറ്റതുമായി.ഗോകുൽ കൃഷ്ണക്ക് പുറമെ പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലും ജില്ലയിൽ പലയിടത്തുള്ള നിരവധി രോഗികളെ കൈപിടിച്ചുയർത്തുന്നതിനുള്ള മഹത്തായ ജീവ കാരുണ്യ യജ്ഞം,ശാലീനത നിറഞ്ഞ പൂക്കോട്ടുകാവ് ഗ്രാമത്തിന് നവ്യാനുഭവമാവുകയായിരുന്നു.രക്‌താർബുദം ബാധിച്ച് മലബാർ കാൻസർ സെന്ററിൽ ചികിത്സയിലുള്ള ഗോകുൽ കൃഷ്ണയുടെ ചികിത്സക്കാണ് 'പൂക്കോട്ടുകാവ് ചികിത്സ സഹായ നിധി' തുടങ്ങിയത്.ദയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ഇ ബി രമേഷിൻ്റെ അദ്ധ്യക്ഷതയിൽ ഒറ്റപ്പാലം എം എൽ എ കെ.പ്രേംകുമാർ പഞ്ചായത്തുതല ഉദ്ഘാടനം നടത്തി.സമാപന സമ്മേളനം സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ,ഇ.ബി.രമേഷ്, ശങ്കർ.ജി. കോങ്ങാട് ,ഗോപിനാഥ് അമ്പാടിത്തൊടി,എം പുരുഷോത്തമൻ, മനോജ് പി.ശാന്തകുമാരി ,കെ അജിത്ത്കുമാർ,കെ.അശോക് കുമാർ, തുടങ്ങിയവർ സംസാരിച്ചു.മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് അധികൃതർ തുക ഏറ്റുവാങ്ങി. തികച്ചും നിർധനരായ നിരാലാംബ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനു കൂടി ആവിഷ്‌കരിക്കപ്പെട്ട ഈ പദ്ധതിയിലെ ചികിത്സ സഹായ വിതരണം ജനുവരി അഞ്ചിനു പൂക്കോട്ടുകാവിൽ നടക്കും.
إرسال تعليق