നെല്ലിയാമ്പതി :പാലക്കാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും, തോട്ടംമേഖലയുമായ നെല്ലിയാമ്പതി കാരപ്പാറയിലെ വിദ്യാർഥികളുടെ യാത്രാക്ലേശത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിനും രക്ഷയില്ല. പ്രശ്‌നപരിഹാര നടപടികളിൽ ഗതാഗതവകുപ്പിന്റെ മെല്ലെപ്പോക്ക് നയവും, ചുവപ്പുനാടയിൽ കുരുങ്ങിയും പ്രദേശത്തെ സ്‌കൂൾ വിദ്യാർഥികൾ പഠനം നിർത്തിവെക്കുകയൊ, ഭാഗികമായി മാത്രം സ്‌കൂളിൽ എത്തുകയൊ ചെയ്യുന്നതായി പരാതി ഉയരുമ്പോഴും ഗതാഗത വകുപ്പ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നടപടികൾ അനിശ്ചിതമായി വൈകിപ്പിക്കുകയാണ്. 2018 ൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രക്ഷിതാക്കൾ, വിദ്യാർഥികൾ, നെല്ലിയാമ്പതി വികസന സമിതി എന്നിവർ ജില്ലാ ഭരണകൂടത്തിന് നിവേദനങ്ങൾ നൽകിയിരുന്നു. വിദ്യാഭ്യാസം നേടാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നവെന്നും അടിയന്തരനടപടിയുണ്ടാകണമെന്നുമായിരുന്നു ആവശ്യം.കാരപ്പാറ റൂട്ടിൽ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നഷ്ടത്തിലാണെന്ന് പറഞ്ഞാണ് നേരത്തെ സർവീസ് നിർത്തിവെച്ചിരുന്നത്. ഇതേ തുടർന്ന് പതിനൊന്നുമണിയോടെ സ്‌കൂളിൽ എത്തുന്ന വിദ്യാർഥികൾ ഉച്ചയോടുകൂടി വീടുകളിലേക്ക് തിരിച്ചുപോകുന്ന സാഹചര്യമുണ്ടായി. ഇത്തരത്തിൽ പ്രദേശത്തെ വിദ്യാർഥികൾക്ക് സ്‌കൂളിൽ രണ്ടുമണിക്കൂറോളം മാത്രമാണ് പഠനം ലഭിക്കുന്നത്. മനുഷ്യാവകാശ കമ്മിഷൻ,ജില്ലാ കളക്ടർ, ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരിലേക്ക് നിരവധി പരാതികൾ അയച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. എന്നാൽ ജില്ലാ കലക്ടർ ക്രിയാത്മകമായി പ്രശ്‌നത്തിൽ ഇടപെടുകയും അടിയന്തര നടപടിക്ക് ഉത്തരവിടുകയും ചെയ്‌തെങ്കിലും ജില്ലാട്രാൻപോർട്ട് ഓഫീസിൽ ഫയൽ പൊടിപിടിച്ചുകിടപ്പാണ്. ഇതേക്കുറിച്ച് അന്വേഷിക്കുന്നവരോട് ട്രാൻസ്‌പോർട്ട് ഓഫീസ് അധികൃതർ രണ്ടുദിവസം കൊണ്ട് ശരിയാകുമെന്ന് പറഞ്ഞ് തിരിച്ചയക്കുന്നതല്ലാതെ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. പ്രദേശത്തേക്ക് സ്വകാര്യ ബസ് ഓടിക്കാൻ ജില്ലാ കലക്ടർ നടപടി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ആർ.ടി.ഒ അനുമതി നൽകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ആർ.ടി.ഒയുടെ നടപടി ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ടെന്ന് നെല്ലിയമ്പതി വികസന സമിതി നേതാവ് റഷീദ് ആലത്തൂർ വ്യക്തമാക്കി. ചില സ്വകാര്യ ബസ് ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ ബസ് സർവീസിന് തുരങ്കംവെക്കാൻ നീക്കം നടക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് റഷീദ് ആലത്തൂർ ട്രാൻസ്‌പോർട്ട് മന്ത്രിക്ക് പരാതി നൽകി.
إرسال تعليق