എളമ്പുലാശ്ശേരി എന്ന ശാലീന ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന കെഎയുപി സ്കൂൾ 75 ന്റെ നിറവിൽ.ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ കരുണാകരം 75 എന്ന പേരിൽ വാർഷികം ആഘോഷിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.ചെര്‍പ്പുളശ്ശേരി ഉപജില്ലയിലെ മികച്ച പ്രവര്‍ത്തനചരിത്രമുള്ള പൈതൃക വിദ്യാലയമാണ് എളമ്പുലാശ്ശേരി കരുണാകര എ.യു.പി.സ്കൂള്‍.എളമ്പുലാശ്ശേരിയില്‍ രൂപീകൃതമായ മഹാത്മാഗാന്ധി എജ്യുക്കേഷണല്‍ ട്രസ്റ്റ് ആണ് സ്കൂൾ നടത്തുന്നത്.ദേശീയ അധ്യാപകസംഘടനാ നേതാവായ പി.ഹരിഗോവിന്ദന്‍ മാസ്റ്ററാണ് സ്കൂൾ മാനേജര്‍.കായിക-ശാസ്ത്ര-കലാമേളകളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ഈ സ്കൂള്‍ വൈജ്ഞാനിക സേവനത്തിന്റെ ഏഴരപ്പതിറ്റാണ്ടു പിന്നിടുന്ന ഘട്ടത്തിൽ നടത്തിയ ആചാര്യ സ്‌മൃതിയും,സ്നേഹ സായാഹ്നവും,വാദ്യവിസ്മയവും ഒരു നാടിന്റെ ഓർമ പതക്കമായി.എളമ്പുലാശ്ശേരിയിലെ അംശം അധികാരിയും പൗരപ്രമുഖനുമായിരുന്ന നാവില്ലിക്കളത്തില്‍ കരുണാകരമേനോനാണ് 1950ല്‍ എളമ്പുലാശ്ശേരി കരുണാകര എ.യു.പി.സ്കൂള്‍ സ്ഥാപിച്ചത്.ആദ്യത്തെ പ്രധാനാധ്യാപകന്‍ കെ.പി.ഗോപാലന്‍നായര്‍ മാസ്റ്ററായിരുന്നു. സേവനത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ഈ വിദ്യാലയത്തിന്റെ മാനേജ് മെന്റ് എളമ്പുലാശ്ശേരിയില്‍ രൂപീകൃതമായ മഹാത്മാഗാന്ധി എജ്യുക്കേഷണല്‍ ട്രസ്റ്റ് 2005 ല്‍ ഏറ്റെടുത്തു. തുടക്കം മുതല്‍ അപ്പര്‍ പ്രൈമറി വിഭാഗമാണ് ഈ സ്കൂളിലുള്ളത്. പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ പൊമ്പ്ര,എളമ്പുലാശ്ശേരി, കാരാകുര്‍ശ്ശി പ്രദേശങ്ങളിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനമെന്ന നിലയില്‍ ഈ പ്രദേശങ്ങളുടെ സാമൂഹ്യ-സാംസ്കാരിക വളര്‍ച്ചയില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 5,6,7 ക്ലാസുകളിലായി 281 കുട്ടികള്‍ (143 ആണ്‍കുട്ടികളും 138 പെണ്‍കുട്ടികളും) ഇവിടെ പഠിക്കുന്നുണ്ട്.15 അധ്യാപകരും ഒരു അധ്യാപകേതരജീവനക്കാരനുമാണ് ഇവിടെ ജോലി ചെയ്യുന്നത്. മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും അറബി, സംസ്കൃതം,ഉര്‍ദു എന്നീ ഭാഷകളിലുള്ള പഠനവും സ്കൂളില്‍ ഉണ്ട്. കെ.രാമദാസന്‍ (ഹെഡ്മാസ്റ്റര്‍),കരിമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പൂര്‍വിദ്യാര്‍ത്ഥിയുമായ കെ.കെ.ഷൗക്കത്ത് (പി.ടി.എ.പ്രസിഡന്റ്) എ.സുകാന്തി (എം.പി.ടി.എ.പ്രസിഡന്റ്) എന്നിരാണ് ജൂബിലി വര്‍ഷത്തില്‍ സ്കൂളിന്റെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപജില്ലയില്‍ മുന്‍നിരയിലുള്ള ഈ വിദ്യാലയം പ്രവൃത്തിപരിചയമേളയില്‍ 1990 കളുടെ തുടക്കംമുതല്‍ നിരവധി വര്‍ഷങ്ങളില്‍ ഉപജില്ലാ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കായിക-ശാസ്ത്ര-കലാമേളകളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ഈ സ്കൂള്‍ നിരവധി ഉപജില്ലാ മേളകള്‍ക്ക് വേദിയൊരുക്കിയിട്ടുണ്ട്. രണ്ടുതവണ ഉപജില്ലാ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു. ഏറ്റവും നവീനമായ കെട്ടിട-ഇരിപ്പിട സൗകര്യങ്ങള്‍,മികച്ച അടിസ്ഥാനസൗകര്യങ്ങള്‍,വിശാലമായ നല്ല കളിസ്ഥലം,സ്കൂള്‍ ബസ്സ്, സുസജ്ജമായ ലാബറട്ടറികള്‍,ഒട്ടേറെ പുസ്തകങ്ങളും പ്രത്യേകകെട്ടിടവുമുള്ള ഉള്ള ലൈബ്രറി എന്നിവ വിദ്യാലയത്തിലുണ്ട്. ആരംഭകാലം തൊട്ട് മികവുറ്റ രീതിയില്‍ ഉച്ചഭക്ഷണപരിപാടി നടത്തിവരുന്നു. കുട്ടികള്‍ക്ക് ഒത്തുചേരാനും വലിയ സദസ്സുകള്‍ നടത്തുന്നതിനും സൗകര്യപ്പെടുന്ന വിശാലമായ ഹാള്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുണ്ട്. സുശക്തവും പ്രവര്‍ത്തനിരതവുമായ പി.ടി.എ.സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. സജീവമായ പൂര്‍വവിദ്യാര്‍ത്ഥിസംഘടനയും സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐ.ടി.വിദഗ്ധര്‍, അധ്യാപകര്‍,വിദഗ്ദ്ധ തൊഴിലാളികള്‍, കൃഷിക്കാര്‍, പൊതുപ്രവര്‍ത്തകര്‍, കലാകാരര്‍ തുടങ്ങിയ വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ച് വിജയകരമായി ജീവിതം നയിക്കുന്ന വിപുലമായൊരു പൂര്‍വവിദ്യാര്‍ത്ഥിസമൂഹം സ്കൂളിനുണ്ട്.ഭാഷയില്‍ ഡോക്ടറേറ്റ് നേടിയ എഴുത്തുകാരനും കോളേജ് അധ്യാപകനുമായ ഡോ.പി.ശിവപ്രസാദ്, എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.അജീഷ്, എം.എ.ഭരതനാട്യത്തില്‍ മദ്രാസ് യൂനിവേഴ്സിറ്റിയില്‍നിന്ന് റാങ്ക് നേടിയ നര്‍ത്തകി വര്‍ഷ ഉദയകുമാര്‍,ലോക അധ്യാപക സംഘടനയുടെ നേതൃനിരയില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, ഈ വിദ്യാലയത്തിന്റെ മാനേജര്‍കൂടിയായ പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങി തിളക്കമുള്ള പൂര്‍വവിദ്യാര്‍ത്ഥികളുടെ വിപുലമായ ഒരു നിര ഈ സ്കൂളിന്റെ യശസ്സ് നാടാകെ പടര്‍ത്തുന്നവരായുണ്ട്.പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയമാണെന്നും അതിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നാട്ടുകാര്‍ ഒരുമിക്കണമെന്നുമുള്ള നിശ്ചയദാർഢ്യവും യോജിച്ചുള്ള പ്രവർത്തനവും ആണ് ഈ സ്കൂളിനെ ശ്രദ്ധേയമാക്കുന്നത്. എളമ്പുലാശ്ശേരിയുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു സമൂഹമെന്ന നിലയില്‍ ഈ നാട്ടിലെ നല്ലവരായ ജനങ്ങൾ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയിരുന്നത് കാണാം.മാറ്റത്തിന്റെ ഉദാഹരണമാണ് ഇന്ന് കെ എ യു പി സ്‌കൂളും, അനുബന്ധമായി നടക്കുന്ന പ്രവർത്തന പരിപാടികളും.
إرسال تعليق