കാരാകുർശ്ശി :രാജ്യത്തിന്റെ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം എളമ്പുലാശ്ശേരി കരുണാകര എ.യു.പി.സ്കൂള്‍ ആചരിച്ചത് തികച്ചും വ്യത്യസ്തമായി.വിദ്യാലയത്തെ കരുപ്പിടിപ്പിച്ചു വളർത്തിയെടുത്ത മഹദ് വ്യക്തികളെ ആദരപൂർവ്വം സ്മരിക്കുന്ന ആചാര്യസ്മൃതി യോടെയാണ് റിപ്പബ്ളിക് ദിന മധ്യാഹ്നം തുടങ്ങിയത്.സ്കൂളിന്റെ സ്ഥാപക മാനേജർ നാവില്ലി കരുണാകരമേനോൻ, പ്രഥമ പ്രധാനാധ്യാപകൻ കെ.പി.ഗോപാലൻ നായർ മാസ്റ്റർ,എം.നാരായണൻ നായർ മാസ്റ്റർ, സി.പി.ഗോവിന്ദമേനോൻ മാസ്റ്റർ,കെ.പി. രാമപിഷാരടി മാസ്റ്റർ, ഹ്രസ്വകാല സേവനം കൊണ്ടുതന്നെ പ്രിയപ്പെട്ട അധ്യാപകനായി മാറിയ എ.കെ. ചിന്നൻ മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് തുടർന്ന് നടത്തിക്കൊണ്ടുപോന്ന പ്രഥമ മാനേജരുടെ സഹധർമ്മിണി എം.പി. പത്മാവതി അമ്മ, അവരെത്തുടർന്ന് മാനേജർ സ്ഥാനം ഏറ്റെടുത്ത കെ. ഇന്ദിരാദേവി,സ്കൂളിലെ ആദ്യത്തെ ഓഫീസ് ജീവനക്കാരന്‍ എൻ. വേണുഗോപാലൻ, സംസ്കൃതാധ്യാപിക സി.കെ. ജാനകി ടീച്ചർ, നിരവധി വര്‍ഷങ്ങളില്‍ സ്കൂളിന്റെ ഉച്ചഭക്ഷണം പാചകം ചെയ്ത പി.കുഞ്ഞിക്കാവമ്മ,തുടങ്ങിയവരുടെ സേവനപരമായ സവിശേഷതകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതായി ഒത്തു ചേരൽ.രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. സ്ഥാപകമാനേജരായ നാവില്ലി കരുണാകരമേനോന്റെ പുത്രന്‍ എം.പി.രാമകൃഷ്ണന്‍നായര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാവരും ആചാര്യസ്മൃതിയില്‍ പങ്കാളികളായി.എഴുപതു വയസ്സു പിന്നിട്ട പൂര്‍വവിദ്യാര്‍ത്ഥികളില്‍ അമ്പതുപേരോളം സ്കൂളങ്കണത്തില്‍ ഒത്തുചേര്‍ന്നു. സ്കൂളിലെ ആദ്യബാച്ചില്‍ (1950-195) പഠിച്ചിറങ്ങിയ 21വിദ്യാര്‍ത്ഥികളിലൊരാളായ കിളിയാനി മഠത്തില്‍ കൃഷ്ണന്‍കുട്ടിനായരാണ് (സുന്ദരന്‍നായര്‍)ഒത്തുചേര്‍ന്നവരില്‍ ഏറ്റവും മുതിര്‍ന്ന അംഗം. പലയിടങ്ങളിലായി വിശ്രമീവിതം നയിക്കുന്ന പല തലമുറകളുടെ സംഗമം ഏറെ വൈകാരികപ്രധാനവും സ്കൂളിന്റെ സമ്പന്നമായ ഭൂതകാലത്തെ അനാവരണം ചെയ്യുന്നതുമായിരുന്നു.
സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിനികൂടിയായ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്,കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജൂബിലി ആഘോഷസമിതിയുടെ അധ്യക്ഷനുമായ കെ.എം.ഹനീഫ, സ്കൂളിലെ ആദ്യത്തെ ഓഫീസ് ജീവനക്കാരന്‍ എൻ.വേണുഗോപാലമേനോന്റെ മകളും സ്കൂളിലെ പൂര്‍വിദ്യാര്‍ത്ഥിനിയും ഇപ്പോള്‍ കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.പ്രേമലത എന്നീ ജനപ്രതിനിധികള്‍ പൂര്‍വാധ്യാപകരുടെ കുടുംബാംഗങ്ങള്‍ക്ക് ജൂബിലി സ്നേഹോപഹാരം സമ്മാനിച്ചു. അധ്യാപകരുടെയും മുന്‍മാനേജര്‍മാരുടെയും കുടുംബാംഗങ്ങളായ എം.പി.രാമകൃഷ്ണന്‍നായര്‍,വേണുഗോപാലന്‍, ഭാമാംബിക,എം. വിനോദിനി,മാലതി, പ്രേമലത,രത്നവല്ലി,രാജു കരിയോട്,ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വിദ്യാര്‍ത്ഥികള്‍ അവരുടെ സ്കൂള്‍കാലം ഓര്‍ത്തെടുത്തു സംസാരിച്ചപ്പോള്‍ ഈ വിദ്യാലയത്തിന്റെ കഴിഞ്ഞ നാളുകള്‍ സദസ്സിനുമുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. പങ്കെടുത്ത എല്ലാ പൂര്‍വിദ്യാര്‍ത്ഥികള്‍ക്കും കരുണാകരം @ 75 ന്റെ ഓര്‍മ്മയ്ക്കായി സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു.
പത്മശ്രീ മട്ടന്നൂര്‍ശങ്കരന്‍കുട്ടിമാരാരും അദ്ദേഹത്തിന്റെ പുത്രന്മാര്‍ മട്ടന്നൂര്‍ ശ്രീകാന്തും ശ്രീരാജും ചേര്‍ന്നവതരിപ്പിച്ച ത്രിത്തായമ്പകയോടെയാണ് ആചാര്യസ്മൃതിയും സ്നേഹസംഗമവും പൂര്‍ണ്ണമായത്.തായമ്പക തുടങ്ങുന്നതിനു മുമ്പു ചേര്‍ന്ന യോഗത്തില്‍ എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തിന് തുടര്‍ച്ചയായി 25 വര്‍ഷം തായമ്പക അവതരിപ്പിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, അതിനു കാരണഭൂതനായ കിഴക്കേക്കളം ഗോപാലന്‍നായരെ അനുസ്മരിച്ചു. കെ.ടി.ഡി.സി.ചെയര്‍മാന്‍ പി കെ ശശി വാദ്യവിസ്മയം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇത്തരം ഒത്തുചേരലുകളും കലാവതരണങ്ങളും മതേതരത്വത്തിലം ബഹുസ്വരതയിലുമൂന്നിയ നമ്മുടെ സാംസ്കാരികപൈതൃകം കാത്തുരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു.ശബരി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ശശികുമാര്‍,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജന്‍മാസ്റ്റര്‍,പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്ററി സ്കൂള്‍ ഹെഡ്മാസ്റ്ററും പൂര്‍വവിദ്യാര്‍ത്ഥിയുമായ കെ.രാമകൃഷ്ണന്‍ എന്നിവര്‍ ഈ അനുമോദന-അനുസ്മരണയോഗത്തില്‍ പങ്കെടുത്തു.
إرسال تعليق