'ഇൻസൈറ്റ്' ഡോക്യുമെന്ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സൃഷ്‌ട്യുന്മുഖ കൂട്ടായ്മയായ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ എട്ടാമത് കെ.ആർ. മോഹനൻ മെമ്മോറിയൽ അന്തരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവൽ ഫെബ്രുവരി 16 ഞായറാഴ്ച കാലത്തു ഒൻപതു മണി മുതൽ പാലക്കാട് ലയൺസ്‌ സ്‌കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.പന്ത്രണ്ടു മത്സര ഡോക്യുമെന്ററികൾക്കു പുറമെ പി.അജിത് കുമാർ സംവിധാനം ചെയ്ത "ജലമുദ്ര" എന്ന ഡോക്യുമെന്ററി പ്രത്യേകമായി മത്സരേതര വിഭാഗത്തിൽ പ്രദർശിപ്പിക്കും.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പതിനായിരം രൂപയും , ശില്പി പ്രമോദ് പള്ളിയിൽ രൂപകൽപന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന കെ.ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്ററി അവാർഡ് വിജയിക്കു സമ്മാനിക്കും.ചലച്ചിത്ര നിരൂപകൻ ഡോക്ടർ സി,എസ് . വെങ്കിടേശ്വരൻ ചെയർമാനും, ചലച്ചിത്ര-ഡോക്യുമെന്ററി സംവിധായകൻ കെ. ആർ മനോജ്‌,ചലച്ചിത്ര പ്രവർത്തകൻ പി. പ്രേമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.ഓരോ ഡോക്യുമെന്ററി പ്രദർശന ശേഷവും അണിയറ പ്രവർത്തകരുമായി കാണികൾ നടത്തുന്ന ഓപ്പൺ ഫോറം ചർച്ചയും, ജൂറിമാർ അവസാനം നടത്തുന്ന ഡോക്യൂമെന്ററികളെക്കുറിച്ചുള്ള വിലയിരുത്തലും ഈ മേളയുടെ പ്രത്യേകതയാണ്.ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ് മോഡറേറ്റർ ആയിരിക്കും.മേളയോടനുബന്ധിച്ചു ഇൻസൈറ്റ് പ്രസിഡന്റ് കെ.ആർ.ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രത്യേക ചടങ്ങിൽ സംഗീത സംവിധായകൻ ജെറി അമൽദേവിന് പത്താമത് ഇൻസൈറ്റ് അവാർഡ് സമ്മാനിക്കും. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന ഇൻസൈറ്റ് അവാർഡ് ചലച്ചിത്ര സംവിധായകൻ എം.പി.സുകുമാരൻ നായർ,ചലച്ചിത്ര നിരൂപകൻ ഡോക്ടർ സി. എസ്.വെങ്കടേശ്വരൻ, ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് തീരുമാനിച്ചത്.ചലച്ചിത്രകാരൻ ഫാറൂഖ് അബ്ദുൽ റഹിമാൻ, ലയൺസ്‌ ക്ളബ് പ്രസിഡന്റ് ശ്രീരാം എന്നിവർ ആശംസകൾ അർപ്പിക്കും.അവാർഡ് ജേതാവ് ജെറി അമൽദേവ് മറുപടി പ്രസംഗം നടത്തും.തുടർന്നുള്ള 'മോഹന സ്മൃതി'യിൽ മേതിൽ കോമളൻകുട്ടി, മാണിക്കോത്ത് മാധവദേവ്‌ ,സി.കെ. രാമകൃഷ്‌ണൻ എന്നിവർ സംസാരിക്കും.മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്ക്: 9446000373,9496094153

Post a Comment

أحدث أقدم