വിവാദങ്ങൾക്കൊടുവിൽ ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

മണ്ണാര്‍ക്കാട് : വിവാദമുണ്ടാക്കാനല്ല വികസനം യാഥാര്‍ഥ്യമാക്കാനാണ് പ്രയാസമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു വികസനം യാഥാര്‍ഥ്യമാകുമ്പേള്‍ കപ്പടിക്കുന്ന മനോഭാവമല്ല സര്‍ക്കാരിനെന്നും ഏതുപ്രതിസന്ധിയേയും തട്ടിമാറ്റി വികസനം ലക്ഷ്യത്തിലെത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനികരീതിയില്‍ നവീകരിച്ച ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പൊതുബോധമെന്താണെന്ന് നിശ്ചയിക്കാനുള്ള പ്രത്യേക സര്‍ട്ടിഫിക്കേറ്റോ ടെസ്‌റ്റോ ജനങ്ങള്‍ അട്ടിപ്പേറായി ആര്‍ക്കും നല്‍കിയിട്ടില്ല. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. വികസനകാര്യത്തില്‍ സര്‍ക്കാരിന് വേര്‍തിരിവില്ല. വികസനം മുടക്കുമ്പോള്‍ നാട്ടിലെ ജനങ്ങള്‍ക്കാണ് അതിന്റെ ദോഷം. പ്രതിസന്ധികള്‍ മുറിച്ചുകടന്ന് കഴിഞ്ഞ എട്ടുവര്‍ഷം പശ്ചാത്തല വികസന മേഖലയില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കി. മലയാളികളുടെ സ്വപ്‌നപദ്ധതിയായ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ ആറുവരി ദേശീയപാത വികസനം ഈ വര്‍ഷം ഡിസംബറോടെ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ശാന്തകുമാരി എം.എല്‍.എ. അധ്യക്ഷയായി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പ്രദീപ് മാസ്റ്റര്‍, ഷിബി കുര്യന്‍, മിനമോള്‍ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ ബാനു കാപ്പില്‍, പൊതുപ്രവര്‍ത്തകരായ എന്‍.കെ നാരായണന്‍കുട്ടി, പി.മണികണ്ഠന്‍, വി.കെ ഷംസുദ്ദീന്‍, നിസാര്‍ മുഹമ്മദ്, പി.ചിന്നക്കുട്ടന്‍, സജീവ് മാത്യു, കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പേര് ശാന്ത കുമാരി എന്നാണെങ്കിലും സഭയിൽ ഗർജ്ജിക്കുന്ന സിംഹമാണ് എം എൽ എ എന്ന് മന്ത്രി ഉദ്ഘാടന വേദിയിൽ എം എൽ എ യെക്കുറിച്ച് കമന്റുമായി മന്ത്രി. പേര് ശാന്തകുമാരി എന്നാണെങ്കിലും നിയമസഭയിൽ ജനങ്ങളുടെ വിഷയം സംസാരിക്കുമ്പോൾ ഗർജ്ജിക്കുന്ന സിംഹമാണ് എം എൽ എ എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

Post a Comment

أحدث أقدم