തിരുവനന്തപുരം:റെയിൽവെ ജനുവരി മുതൽ നടപ്പിലാക്കിയ ട്രെയിനുകളുടെ അശാസ്ത്രീയമായ സമയക്രമം പുന:ക്രമീകരിക്കാനും കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കാനും ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ്റഹ്മാൻ പാലക്കാട് അഡീഷണൽ ഡിവിഷൻ മാനേജർ കെ.അനിൽകുമാറിനെ കണ്ട് നിവേദനം സമർപ്പിച്ചു.ട്രെയിനുകളുടെ കുറവും ആശാസ്ത്രീയമായ സമയക്രമാവും കാരണം മലബാറിലെ യാത്രക്കാർ കാലങ്ങളായി ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്.2025 ജനുവരി മുതൽ നടപ്പിലാക്കിയ ട്രെയിൻ സമയ പരിഷ്കരണം മലബാർ ജില്ലകളിലെ യാത്രക്കാരെ കൂടുതൽ പ്രയാസപ്പെടുത്തുന്നതാണ്എന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.എല്ലാ ദിവസവും ഉച്ചക്ക് ശേഷം 2.45 ന് കോഴിക്കോട് നിന്ന് പുറപ്പെട്ടിരുന്ന 16159- (മംഗളുരു സെൻട്രൽ എക്സ്പ്രസ്സ് ) ഇപ്പോൾ അരമണിക്കൂർ നേരത്തെയാക്കി പകൽ 2.15 നാണ് പുറപ്പെടുന്നത്.ഈ ട്രെയിനിന് ശേഷം വൈകീട്ട് 5 ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ് മാത്രമേ വടക്കോട്ടുള്ള യാത്രക്കാർക്ക് ആശ്രയമുള്ളൂ.16159 പകൽ 2.45 ന് തന്നെ പുനക്രമീകരിക്കണം.16159 മംഗളുരു സെൻട്രൽ എക്സ്പ്രസ്സ്‌നും പകൽ
5 ന് പുറപ്പെടുന്ന (16650) പരശുറാം എക്സ്പ്രസിനും
ഇടയിൽ ഒരു മെമുട്രെയിൻ കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് അനുവദിച്ചാൽ ആ സമയത്തുള്ള യാത്രാ ദുരിതം ഒരളവ് വരെ പരിഹരിക്കാൻ കഴിയും.അഞ്ചുമണിക്ക് കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന പരശുറാം എക്സ്പ്രസിനെ ധാരാളം യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്നുണ്ട്.യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ജനറൽ കോച്ചുകൾ ഇല്ലാത്തത് സാധാരണക്കാരായ യാത്രക്കാരെ വളരെയധികം പ്രയാസപ്പെടുത്തുന്നുണ്ട്.തിരക്ക് മൂലം യാത്രക്കാർക്ക് ബോധക്ഷയം ഉണ്ടാവുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. ഇതിന് പരിഹാരമായി പരശുറാം എക്സ്പ്രസിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണം.കേരളത്തിൻറെ വടക്കേ അറ്റമായ കാസർകോട്ടേക്ക് വൈകുന്നേര സമയങ്ങളിൽ ട്രെയിനുകൾ വളരെ കുറവാണ്. പരശൂറാം എക്സ്പ്രസ്സിൽ കോച്ചുകൾ വർദ്ധിപ്പിക്കുന്നത് യാത്രക്കാർക്ക് ഒരു പരിധിവരെ ആശ്വാസമാകും.വൈകിട്ട് 6.15 ന് കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) കോഴിക്കോട്ടുനിന്നു പുറപ്പെട്ടാൽ കണ്ണൂർ ഭാഗത്തേക്ക് പിന്നീട് രാത്രി 10.25 ന് ഉള്ള ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്(16307) മാത്രമാണ് യാത്രക്കാർക്കുള്ള ഏക ആശ്രയം. ഈട്രെയിനുകൾക്കിടയിൽ യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന രൂപത്തിൽ ഒരു മെമു ട്രെയിൻ കൂടി അനുവദിക്കണം.06031- ഷോർണൂർ -കണ്ണൂർ സ്പെഷ്യൽ ട്രെയിനിന്റെ സമയക്രമം ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രൂപത്തിൽ ക്രമീകരിക്കണം.ഉച്ചക്ക് ശേഷം 3.45 ന് ഷൊർണൂരിൽ നിന്നു പുറപ്പെട്ടിരുന്ന ഈ ട്രെയിൻ 3.00 മണിക്കാണ് ഇപ്പോൾ പുറപ്പെടുന്നത്. അതിനാൽ മലബാറിലേ പല സ്റ്റേഷനുകളിൽ നിന്നും വിദ്യാഭ്യാസവും ജോലിയും കഴിഞ്ഞുവരുന്ന യാത്രക്കാർക്ക് ഈ ട്രെയിനിൽ കയറാൻ സാധിക്കുന്നില്ല.ഉച്ചകഴിഞ്ഞ് പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് 3.10 ന് കണ്ണൂർ എക്സ്പ്രസ്സ് (16608) കഴിഞ്ഞാൽ രാത്രി 10.55 ന് വെസ്റ്റ് കോസ്റ്റ് (22637) ആണ് പിന്നെ ഉള്ളത്.നാലുമണിക്ക് ശേഷം പാലക്കാട് നിന്ന് മലബാറിലെ മറ്റു ജില്ലകളിലേക്ക് ധാരാളം ആളുകൾ യാത്രചെയ്യുന്നുണ്ട് .എന്നാൽ ഈ സമയത്ത് ട്രെയിൻ ഇല്ലാത്തത് യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് .കൂടുതൽ യാത്രക്കാരുള്ള തിരക്കുള്ള സമയം എന്ന നിലക്ക് പാലക്കാട് നിന്ന്കോഴിക്കോട്, കാസർഗോഡ് ഭാഗത്തേക്ക് ഒരു മെമു ട്രെയിൻ കൂടി അനുവദിക്കണം.ഈ ആവശ്യങ്ങളുന്നയിച്ചാണ് അഡീഷണൽ ഡിവിഷൻ മാനേജറോട് ചർച്ച നടത്തിയത്.സംസ്ഥാന സമരവകുപ്പ് അംഗങ്ങളായ കെ.കെ ഷാജഹാൻ,ശാക്കിർ പുലാപ്പറ്റ,പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ്
റിയാസ് ഖാലിദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
إرسال تعليق