കണ്ണില്ലാത്ത റാഗിംഗ് ക്രൂരത.ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി ശരിയല്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥിനെ കേരളം മറന്നിട്ടില്ല. സഹപാഠികളുടെ കൊടിയ ക്രൂരതയ്ക്ക് ഇരയായി ഈ ലോകത്ത് നിന്ന് മറഞ്ഞു പോയ സിദ്ധാർഥ് ഇന്നും കണ്ണീരോർമ്മയാണ്. മനുഷ്യ ജീവനെ ഇഞ്ചിഞ്ചായി കൊന്ന് കെട്ടിത്തൂക്കിയിട്ടും പ്രതി സ്ഥാനത്തുണ്ടായിരുന്ന എസ്.എഫ്.ഐ നേതാക്കളേയും ഉത്തരവാദികളായ അധ്യാപകരേയും സർക്കാർ സംരക്ഷിച്ചു. കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടു. കണ്ണില്ലാത്ത ക്രൂരതയെന്ന് പറഞ്ഞാൽ അത് കുറഞ്ഞ് പോകുമെന്ന് പ്രതിപക്ഷ നേതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു. സംഘബോധവും സംഘടനാ ബോധവുമെല്ലാം ഈ പ്രായത്തിൽ കുട്ടികൾക്ക് ഉണ്ടാകണം.പക്ഷേ അത് മറ്റൊരാളെ ക്രൂരമായി ആക്രമിക്കുന്നതിനുള്ള വഴിയാകരുത്. ഒന്നാം വർഷ വിദ്യാർഥികൾ മൂന്ന് മാസമായി ഈ ക്രൂരത നേരിടുകയായിരുന്നു. സി.പി.എം അനുകൂല സംഘടനയായ കേരള ഗവൺമെൻ്റ് സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു റാഗിങ്.ഇത്തരം ക്രിമിനലുകൾക്ക് സി.പി.എമ്മും പാർട്ടി അനുകൂല സംഘടനകളും നേതാക്കളും ഇനിയെങ്കിലും സംരക്ഷണം നൽകരുത്. എന്ത് വൃത്തികേട് കാട്ടിയാലും രക്ഷിക്കാൻ രാഷ്ട്രീയ സംരക്ഷകർ ഉണ്ടെന്ന വിശ്വാസത്തിൽ നിന്നാണ് ഇത്തരം ക്രിമിനലുകൾ അഴിഞ്ഞാടുന്നത്.

ജൂനിയർ വിദ്യാർത്ഥികളിൽ നിന്നും ഈ ക്രിമിനൽ സംഘം മദ്യപിക്കാൻ പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ ഉൾപ്പെടെ ലഹരി ഉപഭോഗം വ്യാപിക്കുന്നത് സംബഡിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയം കൊണ്ടുവന്നതുമാണ്. ലഹരിക്ക് അടിമകളായ ഇത്തരം വിദ്യാർത്ഥികളാണ് രാഷ്ട്രീയ സംഘടനകളുടെ ബലത്തിൽ ലഹരി സംഘങ്ങളിലെ കണ്ണികളായി മാറുന്നതെന്നത് മറക്കരുത്. 

റാഗിങ്ങിൻ്റെ പേരിൽ കുട്ടികളുടെ മാത്രമല്ല എത്രയെത്ര രക്ഷകർത്താക്കളുടെ കണ്ണീര് വീണു. ഇനിയെങ്കിലും പ്രാകൃതമായ ഈ ക്രൂരത അവസാനിപ്പിക്കണം. കർശന നടപടി സർക്കാരും ഉറപ്പു വരുത്തണം. ഹോസ്റ്റിലിൻ്റെ ചുമതലക്കാർക്കും അധ്യാപകർക്കും വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.  ദയവായി അന്വേഷണം വഴിപാടാക്കരുത്. പൂക്കോട് വെറ്റിനറി സർവകലാശാലയിൽ കണ്ടതു പോലെ ഇരയ്ക്കൊപ്പം നിൽക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യരുത്. ക്രിമിനലുകൾക്ക് സി.പി.എം രാഷ്ട്രീയ രക്ഷകർതൃത്വം നൽകരുത്.വി ഡി സതീശൻ പറഞ്ഞു

Post a Comment

أحدث أقدم