ആദിവാസികളുടെ മഹത്തായ ഭൂതകാലം കൃഷി കേന്ദ്രീകൃതമായിരുന്നു. ആദിവാസി ക്ഷേമത്തിന് വ്യക്തമായ നയം വേണം

 

(ഗോത്ര ജനവിഭാഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സാമൂഹ്യ പ്രവർത്തകനും സഞ്ചാരിയുമായ ആലപ്പുഴ ഹരിപ്പാട് ഇ.ബി.വേണുഗോപാലുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ)

നാലര പതിറ്റാണ്ടായി താങ്കൾക്ക് അറിവനുഭവമുള്ള ഭൂപ്രദേശമാണല്ലോ അട്ടപ്പാടി.ഇവിടുത്തെ ഗോത്ര വിഭാഗങ്ങൾ ജീവിത പുരോഗതിയിൽ എത്തിയിട്ടുണ്ടോ?ഇന്ത്യയിലുടനീളമുള്ള ആദിവാസി ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും തൊഴിൽപരമായി അവരെ ശാക്തീകരിക്കുന്നതിലും മാറിമാറി വരുന്ന സർക്കാരുകളും സർക്കാരേതര ഏജൻസികളും സന്നദ്ധ സംഘടനകളും പൂർണ്ണമായ തോതിൽ വിജയിച്ചിട്ടില്ലെന്ന് ഗോത്രവിഭാഗങ്ങളെ അടുത്തറിയുമ്പോൾ നമുക്ക് മനസ്സിലാവും.1980കളിൽ ജോലി ആവശ്യാർത്ഥമാണ് ഞാൻ ആദ്യമായി അട്ടപ്പാടി സന്ദർശിക്കുന്നത്.അന്ന് ഇവിടെ കൂടുതലും മൺപാതകളും ഓലമേഞ്ഞ വീടുകളുമായിരുന്നു.കേരളത്തിന്റെ പൊതുപുരോഗതി പരിശോധിക്കുമ്പോൾ കാണുന്ന ആപേക്ഷിക മാറ്റം അട്ടപ്പാടിയിലും സംഭവിച്ചിട്ടുണ്ട്.എന്നാൽ ഈ അതിവേഗ വികസനം ഊരുകളിൽ,ദൈനംദിന ജീവിതങ്ങളിൽ വേണ്ടവിധം എത്തിയിട്ടില്ല. വിദ്യാഭ്യാസവും തൊഴിൽ അധിഷ്ഠിത കോഴ്സുകളും നേടി ഉദ്യോഗ തലങ്ങളിൽ എത്തിയ കുട്ടികളുമുണ്ട്.എന്നാൽ ഇത് ഒറ്റപ്പെട്ടത് മാത്രമാണ്.പഠനവും തൊഴിലും പൂർണമായ തോതിൽ ഇനിയും നടപ്പാകാനുണ്ട്. മനുഷ്യത്വമുള്ളവരും മാന്യരുമാണ് ആദിവാസികൾ. ജീവിതത്തിൽ അവർക്ക് കാപട്യം ഇല്ല.സ്നേഹവും ഭക്ഷണവും വേണ്ടുവോളം നൽകിയ സ്മരണകളാണ് എനിക്കുള്ളത്.ഊരുകളിലെ പശ്ചാത്തല പുരോഗതി?മുഖ്യധാരാ സമൂഹത്തിന്റെ വികസന സംഹിതകൾ താരതമ്യം ചെയ്യുമ്പോൾ ആദിവാസികളെ ശാക്തീകരിക്കുന്നതിൽ നാം പരാജിതരാണ്.വളരെയധികം സാംസ്കാരിക-പൈതൃകസവിശേഷതകളുള്ള ഒരു ന്യൂനപക്ഷ സമൂഹമാണ് അവർ.വനങ്ങളെയും വന വിഭവങ്ങളെയും ആശ്രയിച്ച് ജീവിക്കുന്നവരാണ് അധികവും.അട്ടപ്പാടിയിൽ ഓരോ വനമേഖലയിലും,ഓരോ ഊരിലും ആദിവാസികൾ വസിക്കുന്നുണ്ടെങ്കിലും കുടിവെള്ളം,അടിസ്ഥാന ഗതാഗതം,കൃഷി എന്നിവയുടെ കാര്യത്തിൽ അവർ സംതൃപ്തരല്ല.ഈ ജനതയെ,അവരുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞും ആവശ്യങ്ങൾ മനസ്സിലാക്കിയും പിന്തുണക്കുകയാണ് ഉചിതം.

നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച ഏറ്റവും പുതിയ രേഖയിലടക്കം പുതിയ കേരള നിർമ്മിതിക്കായുളള പശ്ചാത്തല സൗകര്യപുരോഗതി വിശദീകരിക്കുന്നുണ്ട്.അവയെല്ലാം ഉപരിവർഗ-മധ്യവർഗ താല്പര്യപദ്ധതികളാണ്.അവയൊന്നും ആദിവാസി സമൂഹം അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്നില്ല.കേരള വികസനത്തിൽ ആദിവാസികളെ ഏതു വിധത്തിൽ അഭിസംബോധന ചെയ്യാനാകും എന്ന് ഭരണാധികാരികൾ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.

കൃഷി അന്യമായി കൊണ്ടിരിക്കുന്നുണ്ടോ?മറ്റ് മേഖലകളെപ്പോലെ കൃഷിയും പ്രകൃതിയോട് ചേർന്ന അനുബന്ധ ജീവിതവും ആദിവാസികളുടെ തനിമയും സവിശേഷതയുമാണ്. പല ആദിവാസിസമൂഹങ്ങളിലും നിലനിന്നിരുന്ന കാർഷിക ജീവിതത്തിനു പകരംവെക്കാൻ നമ്മൾ വച്ചുനീട്ടുന്ന വികസന നഗര കേന്ദ്രീകൃത പദ്ധതികൾക്കാവില്ല.ആധുനിക വികസനധാരയിൽ നിന്നും അവർ വേർപെട്ടുപോകുന്നതായി കാണുന്നു.ആദിവാസികൾക്കായുള്ള വികസന ഇടപെടലുകളിൽ കാർഷിക വികസനവും തനതു പ്രകൃതി ജീവനവും ഉൾപ്പെടണം.പ്രായോഗിക അന്വേഷണ പഠനങ്ങളിൽ നിന്നുരുത്തിരിയുന്ന വസ്തുതകളാണ് അവരുടെ ക്ഷേമ ജീവിതത്തിന് അടിസ്ഥാനമാക്കേണ്ടത്.പരമ്പരാഗത കൃഷി പരിപോഷണം?ഊരുകളില്‍ പലയിടത്തും ഭൂമി പാഴായി കിടക്കുന്നു.

തരിശു നിലങ്ങളിൽ പാരമ്പര്യ കൃഷിക്ക് ആവശ്യമായ സാഹയങ്ങൾ നൽകണം.ഒഴിഞ്ഞു കിടക്കുന്ന  സ്ഥലം കണ്ടെത്തി ആദിവാസികളുടെ കൃഷിക്ക് വേണ്ട പിന്തുണ നല്‍കുമെങ്കിൽ നല്ലതാണ്.കാർഷിക മേഖലയുടെ ഉന്നതിക്ക് സമഗ്രമായ നയം വേണം.പരമ്പരാഗത ഭക്ഷണ രീതിയിലൂടെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിനൊപ്പം വിപണനം സാധ്യമാക്കുന്നതിനുള്ള മാർഗവും തുറന്നിടണം. കാട്ടിൽ മണ്ണിന്റെ സ്വഭാവത്തെയും ജൈവവൈവിധ്യത്തെയും അടിസ്ഥാനപ്പെടുത്തി ഊരുവാസികളുടെ ആവശ്യങ്ങൾക്കനുസരിച്ചു പരമ്പരാഗതമായി മെനഞ്ഞെടുക്കുന്നതായിരുന്നു ആദിവാസികളുടെ കാർഷിക നൈപുണ്യം.ആദിവാസി മേഖലകളിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരാൻ കൃഷിയിലൂടെ കഴിയും.അട്ടപ്പാടിയിലെ വൈവിധ്യമാർന്ന ഗോത്ര സമൂഹങ്ങൾക്ക് സമഗ്രവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു ഭാവി വളർത്തിയെടുക്കുന്നതിന് കൃഷി തന്നെയാണ് മുഖ്യം.

അട്ടപ്പാടി മല്ലീശ്വരമുടിയിലെ ഉത്സവക്കാഴ്ചകള്‍ പകർന്ന അനുഭവം?മല്ലീശ്വര മുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.അട്ടപ്പാടിയിലെ ആദിവാസി ജനതയ്ക്കു മല്ലീശ്വരമുടിയെന്നാല്‍ എല്ലാമെല്ലാമാണല്ലോ.

ശിവന്റെ തിരുമുടി എന്നാണു മല്ലീശ്വര്വര മുടിയുടെ അര്‍ഥം.അട്ടപ്പാടിയിലെ കാലാവസ്ഥയില്‍ നിര്‍ണായക പങ്കാണു മല്ലീശ്വരമുടിക്കുളളത്.

മല്ലീശ്വരമുടിയുടെ താഴ്‌വാരത്ത് ചെമ്മണ്ണൂരിലെ,ഭവാനിപ്പുഴയോരത്ത് മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാനാണ് ഏറെ നാളുകൾക്ക് ശേഷം ഞാൻ വന്നത്.മല പൂജാരിമാർ ഇറങ്ങി വരുന്നതും,മുളം കുറ്റികളിലായി തീർത്ഥം കൊണ്ടുവന്നതും മറ്റു ഉത്സവ കാഴ്ചകളും ഹൃദയസ്പർശിയായി.ദേശീയ പുരസ്‌ക്കാര ജേതാവായ ഗോത്രഗായിക  നഞ്ചിയമ്മയോടൊപ്പം ഏറെ നേരം ചെലവഴിക്കാനായത് ഹൃദ്യമായ അനുഭവമായി.അവർ പാടുന്നത് മണ്ണിന്റെ ഗന്ധമുള്ള സംഗീതമാണ്. ആദിവാസികളുടെ ജീവിതമാണ്,അതിന്റെ താളമാണ് അതിൽ അലയടിക്കുന്നത്.  യാതൊരു ചിട്ടയും സംഗതിയും ഇല്ലാതിരുന്ന കാലത്ത് മനുഷ്യർ കാടിലും മേടിലും കഴിയുമ്പോൾ,ഹൃദയം തുടികൊട്ടി  പാടിയതു കൂടിയാണ് പാട്ട്.ആദിവാസി-ഗോത്ര സംഗീതം അതിരുകള്‍ക്കപ്പുറത്തേക്ക് എത്തിക്കാൻ നഞ്ചിയമ്മക്ക് കഴിഞ്ഞു. അതിനാൽ അവർ ജനപ്രിയ ഗായികയാണ്.ശ്രീധരൻ അട്ടപ്പാടി, നൗഷാദ്.കെ.വി,എം.കെ. ഹരിദാസ്,ബേബി ഗിരിജ എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് നഞ്ചിയമ്മയെ കണ്ടത്.

മദ്യം ആദിവാസികളുടെ ജീവിതം തകർത്തുവോ?മദ്യ നിരോധിത മേഖല ആയിരുന്നിട്ടും അട്ടപ്പാടിയിലേക്ക് മദ്യം ഒഴുകുന്നു.ആദിവാസി യുവാക്കൾക്ക് അമിതമായ മദ്യപാനം, നിരാശ,വിഷാദരോഗ ലക്ഷണങ്ങൾ എന്നിവ ഉയർന്ന തോതിൽ കാണിക്കുന്നു.

ആദിവാസി കൗമാരക്കാർ,യുവാക്കൾ വിഷാദരോഗ ലക്ഷണങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇത് അവരെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു.അങ്ങനെ അമിത മദ്യപാനത്തിന് ഇരയാകുന്നു.ആയുർദൈർഘ്യം ആദിവാസി പുരുഷന്മാരിൽ കുറഞ്ഞു വരുന്നു.ആരോഗ്യസുരക്ഷാ കേന്ദ്രങ്ങൾ കൂടുതലായി സ്ഥാപിച്ചും, ആശുപത്രികൾവഴിയുള്ള ചികിത്സകൾ കാര്യക്ഷമമാക്കിയും,ആരോഗ്യപഠന ക്ലാസുകളും ബോധവൽക്കരണവും നടപ്പാക്കി,മദ്യം,മയക്കുമരുന്ന് എന്നിവയോടുള്ള ആസക്തി ഒഴിവാക്കാൻ കഴിയണം.നിരോധനമല്ല പരിഹാരം.ശിശുമരണങ്ങളും മാതൃമരണങ്ങളും തുടരുന്ന സാഹചര്യത്തിൽ ഊരുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള സംയോജിത ആരോഗ്യസുരക്ഷ നീക്കങ്ങൾ വിപുലമായി നടത്തണം.സമൂഹ അടുക്കള പുനസ്ഥാപിക്കണം.

ചുരുക്കത്തിൽ നാല് പതിറ്റാണ്ട് മുമ്പ് ഞാൻ തൊട്ടറിഞ്ഞ ജീവിതമല്ല ഇന്ന് അട്ടപ്പാടിയുടേത്.കലോചിതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ.എന്നാൽ ആദിവാസികളുടെ ക്ഷേമത്തിനുള്ള ഭീമമായ ഫണ്ട് പരിഗണിക്കുമ്പോൾ ഇത്ര പുരോഗതി ഉണ്ടായാൽ പോരല്ലോ.അവർക്കുള്ള ഫണ്ടുകൾ എവിടെ പോകുന്നു?മണ്ണാർക്കാട് നിന്നും അട്ടപ്പാടിയിലേക്കുള്ള ഗതാഗതം പോലും ഇന്നും ദുഷ്‌കരമാണ്.പുരോഗതിയുണ്ട്,ഓരോ പദ്ധതിയുടെയും നിർവഹണ ഉത്തരവാദിത്തം ശക്തമാകുന്നില്ല എന്നു മാത്രം.ഗോത്ര സമൂഹം പുരോഗമിക്കുമ്പോൾ മാത്രമേ നമ്മുടെ രാജ്യം യഥാർത്ഥ അർത്ഥത്തിൽ പുരോഗമിക്കുന്നുള്ളൂ.

Post a Comment

أحدث أقدم